കൊച്ചി: മന്ത്രി എം.എം. മണി ഭൂമി കൈയേറ്റക്കാരുടെ സംരക്ഷകനാണെന്നും ഇടുക്കിയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് എം.എം. മണിയെ നിയോഗിക്കുന്നത് കോഴിയുടെ സംരക്ഷണം കുറുക്കനെ ഏല്പിക്കുന്നതുപോലെയാണെന്നും കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ.
ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ചേർന്ന ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊന്പിള ഒരുമൈ പ്രവർത്തകർ സമരം അവസാനിപ്പിച്ചാലും യുഡിഎഫ് ഇതിനെതിരേ തന്നെ നിൽക്കും. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ യുഡിഎഫ് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഹസൻ വ്യക്തമാക്കി.
11 മാസത്തെ ഭരണത്തിനിടെ ഇത്രയധികം നാണംകെട്ട മറ്റൊരു സർക്കാർ കേരള ചരിത്രത്തിലില്ല. മുഖ്യമന്ത്രിക്ക് ധാർമികതയും അന്തസുമൊക്കെ അവശേഷിക്കുന്നുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോവുകയാണ് വേണ്ടത്. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം ഇപ്പോൾ യുഡിഎഫിന് അനുകൂലമാണ്. കള്ള പ്രചാരണങ്ങൾ നടത്തിയാണ് ഇടതുമുന്നണി അധികാരത്തിലേറിയതെന്ന് ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞു. സ്ത്രീ സംരക്ഷണം ഉറപ്പു നൽകിയാണ് ഈ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ, ഇടതുമുന്നണിയിലെ രണ്ടു മന്ത്രിമാർ സ്ത്രീത്വത്തെ അപമാനിച്ച് വിവാദപുരുഷന്മാരായി കഴിഞ്ഞു.
അഴിമതിക്കെതിരേ ശബ്ദിച്ച് അധികാരത്തിലെത്തിയ ആദ്യമന്ത്രി രാജിവച്ചത് അഴിമതിയുടെ പേരിൽ. രണ്ടു മന്ത്രിമാർ ഇതിനോടകം രാജിവച്ചു. ബിജെപി വർഗീയ ധ്രുവീകരണം നടത്തി വോട്ടു പിടിക്കുന്പോൾ അതിനെ സഹായിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാരിന്റേത്. ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരേ വന്ന സുപ്രീംകോടതി ഉത്തരവ് പിണറായിയുടെ മുഖത്തേറ്റ അടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾക്കുണ്ടായ വീഴ്ചയും സംഘടനാപരമായ പോരായ്മയും യുഡിഎഫിന്റെ തോൽവിക്കു കാരണമായി. ബൂത്ത്തല പ്രവർത്തനത്തിൽ ജനങ്ങളുമായി നിത്യബന്ധം പുലർത്തുകയും താഴെത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയുമാണ് വേണ്ടതെന്ന് ഹസൻ ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷനായി. യുഡിഎഫ് കണ്വീനർ പി.പി. തങ്കച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു, എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ, വി.ജെ. പൗലോസ്, ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്ര പ്രസാദ്, വത്സല പ്രസന്നകുമാർ, മുൻ എംഎൽഎമാരായ എം.എ. ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, കെപിസിസി നിർവാഹക സമിതിയംഗങ്ങൾ, ഡിസിസി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മന്ത്രി മണി കൈയേറ്റക്കാരുടെ സംരക്ഷകൻ: എം.എം. ഹസൻ
02:15 AM Apr 26, 2017 | Deepika.com