കണ്ണൂർ: ടി.പി. സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പൂർണമായ പകർപ്പ് കിട്ടിയ ശേഷം നിയമപരമായ തുടർ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സെൻകുമാറിനു ഡിജിപി സ്ഥാനം തിരിച്ചു നൽകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയുള്ള രാജ്യത്ത് സുപ്രീം കോടതി വിധി സുപ്രീം കോടതി വിധിതന്നെയാണ്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയാണ് പുറത്തു വന്നിരിക്കുന്നത്. നിയമവാഴ്ച നടപ്പിലാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സർക്കാരിനുണ്ട്. ഭരണപരമായ രംഗങ്ങളിൽ നിയമപരമായ കാര്യങ്ങളാണ് കോടതി നിരീക്ഷിക്കുന്നത്. പൂർണമായ വിവരം ലഭിച്ചതിനു ശേഷം നിയമപരമായ നടപടികൾ സ്വീകരിക്കും-പിണറായി പറഞ്ഞു.
അതിനിടെ, സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി രമൺ ശ്രീവാസ്തവയും ചർച്ചയിൽ പങ്കെടുത്തു.
കണ്ണൂരിൽ മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
വിധിപ്പകർപ്പ് കിട്ടിയശേഷം തുടർനടപടി: മുഖ്യമന്ത്രി
02:27 AM Apr 25, 2017 | Deepika.com