കൊച്ചി: മൂന്നാറിലെ കൈയേറ്റ മാഫിയകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ സമരം നടത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാറില്‍ കൈയേറ്റ മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മുന്‍പ് ഒരു സര്‍ക്കാരും ഇത്തരത്തില്‍ പരസ്യമായി കൈയേറ്റത്തെ അനുകൂലിച്ചിട്ടില്ല.
മൂന്നാറില്‍ നടക്കുന്ന കൈയേറ്റങ്ങളും വന്‍കിട കെട്ടിട നിര്‍മാണവും മൂന്നാറിനെ ദുരന്ത ഭൂമിയാക്കും. ഈ സാഹചര്യത്തില്‍ പശ്ചിമഘട്ടവും കേരളവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ വര്‍ഷകാല സമ്മേളനദിവസം പരിസ്ഥിതി പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ചെയര്മാന് ജോണ്‍ പെരുവന്താനം, കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റ് സീതാരാമന്, ഡോ. സി.എം. ജോയി, കെ.എ. വര്‍ഗീസ്, വി.ഡി. മജീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം
02:03 AM Apr 25, 2017 | Deepika.com