മാവേലിക്കര: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഡിജിപിയെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്തു സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരേ മാവേലിക്കര പോലീസ് കേസെടുത്തു.
മാവേലിക്കര കല്ലുമല സ്വദേശികളും ബിജെപി പ്രവർത്തകരുമായ ലിജു കല്ലുമല, രഞ്ജിത് കല്ലുമല എന്നിവർക്കെതിരെയാണു പോലീസ് കേസെടുത്തിരിക്കുന്നത്.
നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് (എൻവൈസി) സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ മാവേലിക്കര പോലീസ് സർക്കിൾ ഇൻസ്പക്ടർ പി. ശ്രീകുമാറിനു നൽകിയ പരാതിയെത്തുടർന്നാണു മാവേലിക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഡിജിപിയുടെയും ചിത്രങ്ങൾ ചേർത്തുവച്ച ശേഷം അടിക്കുറിപ്പുകൾ നല്കിയും വൈദ്യുതി മന്ത്രിയുടെ ചിത്രം ചിന്പാൻസിയുടെ ഉടലും ചേർത്തു മോർഫ് ചെയ്തു നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചും അവഹേളിച്ചെന്നാണ് പരാതി.
ഫേസ് ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചതിന് ഐപിസി 500, കെപി ആക്ട് 120 (0) വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികൾക്കു രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.
മന്ത്രിമാരെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: രണ്ടു ബിജെപിക്കാർക്കെതിരേ കേസ്
12:19 AM Apr 24, 2017 | Deepika.com