മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലെയും സെന്റ് തോമസ് പള്ളിയിലെയും പുതുഞായർ തിരുനാളിനോടനുബന്ധിച്ച് അവലോകനയോഗം നടത്തി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.സി. ദീലീപ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ റോജി എം.ജോണ്, എൽദോസ് കുന്നപ്പിള്ളി, സെന്റ് തോമസ് പള്ളി റവ.ഡോ. ജോണ് തേയ്ക്കാനത്ത്, ഫാ. ജോഷി കളപ്പറന്പത്ത്, ഫാ. ജോർജ് കുറ്റിക്കലച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി, ജില്ലാ പഞ്ചായത്തംഗം സാസണ് ചാക്കോ, പി.എം. വേലായുധൻ, ട്രസ്റ്റി ജോണി പറപ്പിള്ളി എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പുതുഞായർ തിരുനാളിന്റെ പ്രധാന ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വാഹനങ്ങൾ വണ്വേയായി നടുവട്ടം, മഞ്ഞപ്ര ചന്ദ്രപ്പുര വഴി തിരിച്ചുവിടും. അടിവാരത്ത് മുഴുവൻ സമയവും പോലീസിന്റെ സേവനമുണ്ടാകും. പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയിൽ കുരിശുമുടിയിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. ശുചിത്വമിഷൻ സംസ്ഥാന ഹെഡ് ജോഷി വർഗീസ്, ഡോ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ കച്ചവടസ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്.
തീർഥാടകർ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ കൊണ്ടുവരരുതെന്ന് നിർദേശമുണ്ട്. പ്രധാന ദിവസങ്ങളിൽ പുതുഞായർ തിരുനാളിനു പങ്കെടുക്കാൻ വിശ്വാസികൾ കുരിശുമുടിയിലേക്കു വന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ കുരിശുമുടിയിൽ ആഘോഷമായ കുർബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. ജോഷി കളപ്പറന്പത്ത് കാർമികനായി. സെന്റ് തോമസ് പള്ളിയിൽ നടന്ന ആഘോഷമായ കുർബാനയ്ക്ക് ഫാ. മെൽവിൻ ചിറ്റിലപ്പിള്ളി കാർമികത്വം വഹിച്ചു.
ഫാ. ജെയിംസ് കുരികിലംക്കാട്ട് വചനസന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണവും നടന്നു.
പ്രധാന ദിനമായ നാളെ കുരിശുമുടിയിൽ രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. വർഗീസ് പാലാട്ടി കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. വൈകുന്നേരം മൂന്നിന് പൊൻപണം ഇറക്കൽ നടക്കും. സെന്റ് തോമസ് പള്ളിയിൽ രാവിലെ പത്തിന് ഫാ. മാർട്ടിൻ കണ്ടംപറന്പിൽ കാർമികത്വം വഹിക്കും. ഫാ. ജിമ്മി പൂച്ചക്കാട്ട് വചനസന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് പൊൻപണം സ്വീകരിക്കും. തുടർന്ന് ആറിന് ആഘോഷമായ കുർബാനയും പ്രസംഗവും ഉണ്ടാകും.
മലയാറ്റൂർ പുതുഞായർ തിരുനാൾ: അവലോകനയോഗം നടത്തി
01:14 AM Apr 22, 2017 | Deepika.com