തിരുവനന്തപുരം: സ്മാർട്ട് കാർഡുകളുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചതിനാൽ കാർഡ് പുതുക്കി 2017 -18ലും ചികിത്സാ ആനുകൂല്യം ഉറപ്പുവരുത്താൻ ഇപ്പോൾ അവസരമുണ്ട്. കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും വ്യക്തിക്കു പഞ്ചായത്ത്തല പുതുക്കൽ കേന്ദ്രങ്ങളിൽ എത്തി സ്മാർട്ട് കാർഡ് പുതുക്കാം.
അക്ഷയ കേന്ദ്രത്തിൽ 2016 -17 ൽ പേരു രജിസ്റ്റർ ചെയ്തവർക്ക് പുതിയ സ്മാർട്ട് കാർഡ് നൽകുന്ന തീയതി അറിയാൻ കുടുംബശ്രീ പ്രവർത്തകരുമായോ പഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടണം. ഇവർ കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി (പരമാവധി അഞ്ച്) കാർഡുവിതരണ കേന്ദ്രത്തിൽ എത്തി ഫോട്ടോ എടുത്ത് കാർഡ് കൈപ്പറ്റണം.
പദ്ധതിയിൽ ഇതാദ്യമായി നിലവിലുളള 30,000 രൂപയ്ക്ക് പുറമേ 60 വയസിനു മുകളിൽ പ്രായമായ ഓരോ മുതിർന്ന പൗരന്മാർക്കും 30,000 രൂപ വീതം അധിക സൗജന്യ ചികിത്സ ഏപ്രിൽ ഒന്നു മുതൽ ലഭ്യമാണ്. ഏപ്രിൽ ഒന്നിന് 60 വയസിനു മുകളിൽ പ്രായമുളളവർ യഥാർഥ വയസ് തെളിയിക്കുന്ന രേഖകൾ സഹിതം എൻറോൾമെന്റ് കേന്ദ്രത്തിൽ ഹാജരാകണം.കാർഡ് കൈപ്പറ്റുന്ന സമയത്ത് റേഷൻ കാർഡ്, 2016 -17ൽ സാധ്യതയുളള സ്മാർട്ട് കാർഡ് അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിച്ച രജിസ്ട്രേഷൻ സ്ലിപ്, മുതിർന്ന പൗരന്മാർ വയസ് തെളിയിക്കുന്ന രേഖ എന്നിവ നിർബന്ധമായും കൊണ്ടു വരണം. എൻറോൾമെന്റ്കേന്ദ്രത്തിൽ നൽകേണ്ട ഫീസ് 30 രൂപ. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായോ, ടോൾ ഫ്രീ നമ്പർ 1800 2002530 ആയോ ബന്ധപ്പെടണം.
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കാർഡ് പുതുക്കൽ
12:50 AM Apr 22, 2017 | Deepika.com