തൃശൂർ: ആവശ്യങ്ങളുന്നയിച്ച് നിരവധി തവണ നിവേദനങ്ങൾ നല്കിയിട്ടും സർക്കാർ നിസംഗത പാലിക്കുന്നതിൽ പ്രതിഷേധിച്ച് മേയ് ഒന്നുമുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അനിശ്ചിതമായി അടച്ചിടുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
റേഷൻ വ്യാപാരികൾക്കു ജീവന പര്യാപ്തവേതനം അനുവദിക്കുക, റേഷൻ സാധനങ്ങൾ കൃത്യമായ അളവിൽ റേഷൻകടകളിൽ എത്തിച്ചുതരിക, സൗജന്യ റേഷൻ വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കമ്മീഷൻ കുടിശിക ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടികളെടുക്കുന്നില്ല.
അനിശ്ചിതകാല സമരത്തിനു മുന്നോടിയായി 24ന് കേരളത്തിലെ റേഷൻ കടകൾ അടച്ചിട്ട് ജില്ലാ കളക്ടറേറ്റുകൾക്കു മുമ്പിൽ കൂട്ടധർണ നടത്തും. മേയ് മാസത്തെ റേഷൻ വിതരണത്തിനുള്ള സ്റ്റോക്ക് എടുക്കൽ നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃശൂർ കളക്ടറേറ്റിനു മുന്നിൽ 24നു നടത്തുന്ന ധർണ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. പി.ഡി. പോൾ അധ്യക്ഷത വഹിക്കും.
റേഷൻ കടകൾ മേയ് ഒന്നു മുതൽ അടച്ചിടും
12:50 AM Apr 22, 2017 | Deepika.com