ബന്തടുക്ക(കാസർഗോഡ്): ജ്വല്ലറിയുടെ ചുമർ തുരന്ന് വൻ കവർച്ച. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറി കുണ്ടംകുഴിയിലെ കെ.അശോകൻനായരുടെ ഉടമസ്ഥതയിലുള്ള ബന്തടുക്ക ടൗണിലെ സുമംഗലി ജ്വല്ലറിയിലാണ് കവർച്ച നടന്നത്.
546 ഗ്രാം സ്വർണാഭരണങ്ങളും 4.3 കിലോ വെള്ളിയും 34,000 രൂപയുമാണ് മോഷണംപോയത്. ബുധനാഴ്ച രാത്രി ജ്വല്ലറി അടച്ച് ജീവനക്കാർ പോയതായിരുന്നു. ഇന്നലെ രാവിലെ പരിസരവാസികളാണ് ജ്വല്ലറിയുടെ ചുമർ തുരന്നനിലയിൽ കണ്ടത്. ബന്തടുക്ക ടൗണിലെ കുറ്റിക്കോൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് ജ്വല്ലറി പ്രവർത്തിക്കുന്നത്. ജ്വല്ലറിയുടെ പുറകുവശത്തെ ഗ്രിൽ തകർത്ത കവർച്ചക്കാർ പിന്നീട് ഇതുവഴി ചുമർ തുരന്നാണ് ജ്വല്ലറിയുടെ അകത്തുകടന്നത്.
പിന്നീട് അഞ്ചു ലിവറുള്ള ലോക്കർ തകർത്ത് ഇവിടെ സൂക്ഷിച്ചിരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ കവരുകയായിരുന്നു. മേശവലിപ്പിലുണ്ടായിരുന്ന 34,000 രൂപയും കവർന്നു. ലോക്കറിനുള്ളിലെ അറകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളിയും സൂക്ഷിച്ച ട്രേകൾ സ്വർണം എടുത്തശേഷം ജ്വല്ലറിക്കുള്ളിൽ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്, കാസർഗോഡ് ഡിവൈഎസ്പി എം.വി.സുകുമാരൻ, ആദൂർ സിഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജ്വല്ലറിക്കുള്ളിൽ നിന്നും ലഭിച്ച കൈയുറയും ഏതാനും വിരലടയാളങ്ങളും വിരലടയാള വിദഗ്ധർ പരിശോധിച്ചുവരികയാണ്.
ജ്വല്ലറിയിൽ നിന്നും മണം പിടിച്ച പോലീസ് നായ തൊട്ടടുത്തുള്ള ബസ്സ്റ്റാൻഡ് വരെ പോയശേഷം തിരിച്ചുവരികയായിരുന്നു. ജ്വല്ലറിയിൽ സിസിടിവി സംവിധാനമില്ലാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയാണ്. ടൗണിലെ മറ്റു സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോ
ലീസ്.
ഇതു രണ്ടാം തവണയാണ് അശോകൻനായരുടെ ജ്വല്ലറിയിൽ മോഷണം നടക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ നാലിന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കുത്തിത്തുറന്ന് 39 പവൻ സ്വർണാഭരണങ്ങളും നാലര കിലോ വെള്ളി ആഭരണങ്ങളും 10,000 രൂപയും മോഷണം പോയിരുന്നു. ഈ കേസിൽ ഉത്തർപ്രദേശ് സ്വദേശി നേത്റാം സിംഗ് (35), ബദിയഡുക്ക നെല്ലിക്കട്ട സ്വദേശി ഷെരീഫ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയടക്കമുള്ള മറ്റു നാലു പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. അറസ്റ്റിലായവരിൽനിന്നും ഏതാനും വെള്ളി ആഭരണങ്ങൾ മാത്രമേ പോലീസിനു കണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
ബന്തടുക്കയിൽ ജ്വല്ലറിയുടെ ചുമർ തുരന്നു വൻ കവർച്ച
02:53 AM Apr 21, 2017 | Deepika.com