കൊച്ചി: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലെ സീനിയോരിറ്റി ലിസ്റ്റുണ്ടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതു ഹൈക്കോടതി സ്റ്റേ ചെയ്തു. സീനിയോരിറ്റി ലിസ്റ്റ് തയാറാക്കുമ്പോള്‍ പോസ്റ്റ് ഗ്രാജുവേഷന് പൂര്‍ത്തിയാക്കിയതിനുശേഷമുള്ള സര്‍വീസ് മാത്രമേ കണക്കിലെടുക്കാവൂ എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
ഇതു റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) വിധിക്കെതിരേ തൃശൂര്‍ സ്വദേശിനി ഡോ. ലല്ലി നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍മാരുടെ സീനിയോരിറ്റി തര്‍ക്കം പരിഹരിക്കാന്‍ നേരത്തെ ഡോ. ലല്ലി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
പിജി പഠനം പൂര്‍ത്തിയാക്കി അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കു പ്രമോഷന് ലഭിച്ചെത്തുന്നവരുടെ സീനിയോരിറ്റി കണക്കാക്കുമ്പോള്‍ ഇവര്‍ സര്‍വീസില്‍ കയറിയതു മുതലുള്ള കാലം പരിഗണിക്കുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഇതു പരിഗണിച്ച കെഎടി ബന്ധപ്പെട്ട കക്ഷികളെ കേട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് 2016 ല്‍ ഉത്തരവിറക്കി. ഇതനുസരിച്ചു ഫെബ്രുവരി 20നു സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇതിനെ മറ്റൊരു അധ്യാപികയായ കോഴിക്കോട് സ്വദേശിനി ഡോ. റീമ കെഎടിയില്‍ ചോദ്യം ചെയ്തു. കേസില്‍ ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കാതെയാണു സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നു ചൂണ്ടിക്കാട്ടിയാണു ഡോ. റീമ ഹര്‍ജി നല്‍കിയത്. തുടര്‍ന്നു മാര്‍ച്ച് 17നു സര്‍ക്കാര്‍ ഉത്തരവ് കെഎടി റദ്ദാക്കി. ഇതിനെതിരേയാണു ഡോ. ലല്ലി ഹൈക്കോടതിയെ സമീപിച്ചത്.
സീനിയോരിറ്റി ലിസ്റ്റ്: സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതു സ്റ്റേ ചെയ്തു
02:40 AM Apr 21, 2017 | Deepika.com