മിത്ത് വിവാദം: മുഖ്യമന്ത്രിയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസ്

01:41 PM Aug 03, 2023 | Deepika.com
ചങ്ങനാശേരി: ഹിന്ദു പുരാണങ്ങളെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രിയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസ്. സർക്കാർ നിലപാട് അറിഞ്ഞതിനുശേഷം മറ്റു സമര നടപടികളിലേക്ക് നീങ്ങുമെന്നാണ് സംഘടന അറിയിക്കുന്നത്.

സ്പീക്കർ പരാമർശം തിരുത്തണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഉടനീളം നാമജപ ഘോഷയാത്ര അടക്കം പരിഗണനയിലാണ്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന നാമജപയാത്രയിലെ ജനപങ്കാളിത്തം നിലപാടിനുള്ള അംഗീകാരമെന്നും എൻഎസ്എസ് അറിയിച്ചു.

വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ വിശദീകരണമോ ന്യായീകരണമോ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നുമാണ് എൻഎസ്എസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, എൻഎസ്എസിനോടുള്ള നിലപാടിൽ കരുതലോടെ നീങ്ങാനാണ് സിപിഎം തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിലുണ്ടായ അഭിപ്രായം.

വിഷയത്തില്‍ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ഷംസീറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചാരണം സിപിഎം ശക്തമാക്കും.