സൂറത്ത്: രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി. സൂറത്തിലെ സച്ചിന് വ്യവസായ മേഖലയിലെ താമസക്കാരനായ യൂസഫ് ഹജാത് (23) ആണ് കേസിലെ കുറ്റവാളി.
പ്രതി 10 ലക്ഷം രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നും ഈ തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കേസ് എന്ന നിരീക്ഷിച്ചാണ് പ്രതിക്ക് പരമാവധി ശിക്ഷ നൽകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി കുറ്റക്കാരനാണെന്ന് ജുലൈ 31ന് കോടതി വിധിച്ചിരുന്നു. കനത്ത പോലീസ് കാവലിലാണ് പ്രതിയെ ഇന്ന് കോടതിയിൽ എത്തിച്ചത്. പ്രതിയുടെ ഇളയ സഹോദരിയും മാതാവും ഇരയുടെ മാതാപിതാക്കളും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
വധശിക്ഷ പ്രഖ്യാപിച്ചതോടെ പ്രതിയുടെ ബന്ധുക്കൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. വിധിയെ കുഞ്ഞിന്റെ മാതാപിതാക്കൾ സ്വാഗതം ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 27-നാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. കുട്ടിക്ക് പലഹാരം വാങ്ങി നൽകാമെന്ന് മാതാപിതാക്കളോട് വാഗ്ദാനം ചെയ്താണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയത്.
വിജനമായ പ്രദേശത്ത് എത്തിച്ച് ഇയാൾ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുട്ടിയുമായി തിരിച്ചെത്താൻ വൈകിയതോടെ മാതാപിതാക്കളും പ്രദേശവാസികളും തെരച്ചിൽ തുടങ്ങിയിരുന്നു.
കുട്ടിയെ കൊണ്ടുപോയ യുവാവിനെയും കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
07:32 PM Aug 02, 2023 | Deepika.com