കോഴ വാങ്ങാതെ എൻഎസ്എസ് നിയമനം നടത്താറുണ്ടോ? തിരിച്ചടിച്ച് എ.കെ. ബാലന്‍

07:47 PM Aug 02, 2023 | Deepika.com
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ഷംസീറിനെതിരായ സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമാണ്. നായർ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ടെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗണപതിയെ മുൻ നിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനാണ് സുകുമാരൻ നായരുടെ ശ്രമം. ആർഎസ്എസിന്‍റെ ദുഷ്ടലാക്കാണിത്. സ്പീക്കർ രാജിവയ്ക്കണമെന്ന് സുകുമാരൻ നായർ പറഞ്ഞത് ദൗർഭാഗ്യകരമാണ്. അതിന് സുകുമാരൻ നായർ ഷംസീറിനോട് മാപ്പ് പറയണം.

പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കർ അനധികൃതമായി എൻഎസ്എസ് കൈവശംവച്ചിരിക്കുന്നു എന്ന് പറഞ്ഞ് ദേവസ്വം ബോർഡ്, ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. സുകുമാരൻ നായർ ചെയ്യേണ്ടത് ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് ആദ്യം അങ്ങ് നൽകുക എന്നുള്ളതാണ്.

കോഴ വാങ്ങാതെ എൻഎസ്എസ് നിയമനം നടത്താറുണ്ടോയെന്നും ബാലൻ ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ആരുടെയും കൈയും കാലും പിടിച്ചുണ്ടാക്കിയ മേൽവിലാസമല്ല തനിക്കുള്ളത്. കേരളത്തിലെ പിന്നാക്ക ജനതയുടെ അംഗീകാരത്തോടെ ഉണ്ടായ മേൽവിലാസമാണെന്നും ബാലൻ മറുപടി നൽകി.