വളര്‍ത്തു തത്തയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം: പോസ്റ്ററുമായി യുവാവ്

07:47 PM Aug 02, 2023 | Deepika.com
ഭോപ്പാല്‍: വീട്ടില്‍ വളര്‍ത്തിയിരുന്ന തത്തയെ കണ്ടെത്തുകയോ വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവാവ്. മധ്യപ്രദേശിലെ ദമോയിൽ നിന്നുള്ള ദീപക്ക് സോണി എന്ന യുവാവാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തത്തയുടെ ചിത്രവും ഇനാം തുകയുമടക്കം വ്യക്തമാക്കുന്ന പോസ്റ്ററും ദീപക്ക് ഇറക്കി.

സമീപപ്രദേശങ്ങളിലെ ചുവരുകള്‍ക്ക് പുറമേ ഇവിടത്തെ ഓട്ടോ റിക്ഷകളിലും പോസ്റ്റര്‍ ഒട്ടിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി തത്ത ഞങ്ങളോടൊപ്പമുണ്ടെന്നും ഇന്നലെ തന്‍റെ അച്ഛന്‍ തത്തയെ കൂട്ടില്‍ നിന്നും പുറത്തെടുത്തപ്പോള്‍ ഇത് പറന്നു പോകുകയായിരുന്നുവെന്നും ദീപക്ക് പറയുന്നു.



മുന്‍പും തത്ത ഇതു പോലെ പറന്നു പോയിട്ടുണ്ടെങ്കിലും വൈകാതെ തിരിച്ചെത്തിയിട്ടുണ്ടെന്ന് ദീപക്ക് വ്യക്തമാക്കി. ഏതാനും ദിവസമായി തത്തക്ക് സുഖമില്ലെന്നും അധികദൂരം പറക്കാന്‍ സാധിക്കില്ലെന്നും യുവാവ് വേദനയോടെ പറയുന്നു.

തത്തയെ പറ്റി എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് വേണ്ടി വന്നാല്‍ പതിനായിരം രൂപയിലധികവും ഇനാമായി നല്‍കുമെന്നും ദീപക്ക് പറഞ്ഞു. "നല്ല പച്ചനിറത്തിലുള്ള തത്തയായിരുന്നു അത്, അതിന്‍റെ ചുണ്ട് ഏറെ ഭംഗിയുള്ളതായിരുന്നു', യുവാവ് പറയുന്നു. ട്വിറ്ററില്‍ സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ശുഭാപ്തിവിശ്വാസത്തോടെ ഇരിക്കൂ എന്നുള്‍പ്പടെ കമന്‍റുകൾ ട്വീറ്റിന് പിന്നാലെയെത്തി.