ഓരോ സിഗരറ്റിലും മുന്നറിയിപ്പ് ഉടന്‍: ചുവടുവയ്പ്പുമായി കാനഡ

03:00 PM Aug 02, 2023 | Deepika.com
ടൊറന്‍റൊ: പുകയില ഉത്പന്നങ്ങളുടെ ദൂഷ്യവശം പരമാവധി ജനങ്ങളിലേക്ക് എത്തിച്ചിട്ടും സിഗരറ്റ് ഉള്‍പ്പടെയുള്ളവയുടെ വില്‍പന ഏറിവരികയാണ്. കാന്‍സര്‍ മുന്നറിയിപ്പ് ഇവയുടെ പാക്കറ്റുകളില്‍ മിക്ക രാജ്യങ്ങളും ചേര്‍ത്തിട്ടുമുണ്ട്. ഇതിനൊപ്പം തന്നെ പുതിയ രീതിയില്‍ മുന്നറിയിപ്പ് നല്‍കാനൊരുങ്ങുകയാണ് കാനഡ.

ഓരോ സിഗരറ്റിലുടെയും ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കുക എന്നതാണ് ലക്ഷ്യം. "ഓരോ പുകയിലും മരണം' എന്ന വാചകമാകും സിഗരറ്റില്‍ എഴുതുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിംഗ് സൈസ് സിഗരറ്റുകളില്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളിലും സാധാരണ സിഗരറ്റുകളില്‍ 2025ഓടെയും മുന്നറിയിപ്പ് വാചകം ഉള്‍പ്പെടുത്തും.

സിഗരറ്റ് പാക്കറ്റുകളില്‍ ആദ്യമായി ചിത്രങ്ങളുള്ള മുന്നറിയിപ്പ് ചേര്‍ത്ത രാജ്യമാണ് കാനഡ. 2000ലാണ് കാനഡ ഇത്തരത്തില്‍ മുന്നറിയിപ്പ് ഉള്‍പ്പെടുത്തി തുടങ്ങിയത്. പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇത് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ആഗോളതലത്തില്‍ പ്രതിവര്‍ഷം 4.8 ലക്ഷം ആളുകള്‍ സിഗരറ്റ് ഉപയോഗം മൂലം മരിക്കുന്നുണ്ടെന്നാണ് പഠനം.