കണ്ണൂരിൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

12:36 PM Aug 02, 2023 | Deepika.com
കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളിയിൽ സ്കൂളിലേക്ക് പോകാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം.

ബുധനാഴ്ച രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ മാരുതി ഓമ്നിയിൽ മുഖം മറച്ച് എത്തിയ നാലംഗ സംഘം കൈയിൽ പിടിച്ച് വലിച്ച് വാഹനത്തിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

കൈയിൽ പിടിച്ച ഉടനെ കുട്ടി കുതറി മാറി ബഹളം വെച്ചു. ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും വാനിലെത്തിയ സംഘം രക്ഷപെട്ടു.

കുട്ടിയുടെ കൈയിൽ പിടിച്ച് വാഹനത്തിനുള്ളിൽ കയറ്റാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.