കുട്ടികളുടെ പന്ത് പിടിച്ചെടുത്ത സംഭവം; പൊതുസുരക്ഷ മുന്‍നിര്‍ത്തിയെന്ന് പോലീസ് വിശദീകരണം

11:56 AM Aug 02, 2023 | Deepika.com
കൊച്ചി: നെട്ടൂരില്‍ ഫുട്ബോള്‍ കളിക്കിടെ പന്ത് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് പന്ത് പിടിച്ചെടുത്തതെന്ന് പനങ്ങാട് പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്ഐ ജിന്‍സണ്‍ ഡൊമിനിക് പറഞ്ഞു.

പോലീസ് ജീപ്പിന്‍റെ ചില്ലിന് പകരം, ഫുട്ബോള്‍ ബൈക്ക് യാത്രികരുടെയോ സ്കൂള്‍ വിദ്യാര്‍ഥികളുടെയോ മേല്‍ പതിച്ചിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടായേനെ. റോഡിലേക്കുള്ള ഭാഗത്ത് നെറ്റ് കെട്ടണമെന്ന് പല തവണ പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. പന്തിനെതിരെയോ കളിക്കാര്‍ക്കെതിരെയോ കേസെടുത്തിട്ടില്ല. ഏത് സമയവും സ്റ്റേഷനിലെത്തിയാല്‍ കളിക്കാര്‍ക്ക് ഫുട്ബോള്‍ കൊണ്ട് പോകാമെന്നും എസ്ഐ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന പ്രദേശത്തെ കുട്ടികളുടെ പന്ത് പോലീസ് എടുത്തുകൊണ്ടുപോയത്.

ഈ സമയം വാഹന പരിശോധനക്കെത്തിയ പോലീസ് ജീപ്പ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു. വാഹനം മാറ്റണമെന്നും അല്ലെങ്കില്‍ ജീപ്പില്‍ പന്ത് കൊള്ളുമെന്ന് പോലീസിനോട് പറഞ്ഞെന്നും എന്നാല്‍ പോലീസ് കേട്ടില്ലെന്നുമാണ് കളിക്കാര്‍ പറയുന്നത്.

ഇതിനിടയില്‍ കളിക്കിടെ പന്ത് ജീപ്പിന്‍റെ ചില്ലില്‍ കൊണ്ടു. രോഷാകുലരായ പോലീസുകാര്‍ ഫുട്ബോള്‍ പിടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.