മലപ്പുറം: താനൂരില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. താമിര്‍ ജിഫ്രിക്ക് ക്രൂരമായി മര്‍ദനമേറ്റതായി സൂചന. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.
താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലാത്തി ഉപയോഗിച്ച് മര്‍ദിച്ചെന്ന സംശയവും ബലപ്പെടുകയാണ്.
യുവാവിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പോലീസ് മറ്റു നാലുപേര്‍ക്കൊപ്പം ദേവധാര്‍ പാലത്തിന് സമീപത്ത് നിന്നും താമിറിനെ കസ്റ്റഡിയിലെടുത്തത്.
18 ഗ്രാം എംഡിഎംഎ സംഘത്തില്‍ നിന്നും പിടിച്ചെടുത്തുവെന്നും സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
എന്നാല്‍ താമിര്‍ ജിഫ്രി ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണെന്നും ഇവരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45ന് ആണെന്നും അതുവരെ പോലീസ് ക്വട്ടേഴ്സില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കയാണ്.
ശരീരത്തില്‍ അടിയേറ്റ പാടുകള്‍; താമിറിന്റേത് കസ്റ്റഡി മരണമെന്ന് സൂചിപ്പിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
11:20 AM Aug 02, 2023 | Deepika.com