അപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന യുവതിക്ക്‌ എംവിഡിയുടെ പെറ്റി: "കണ്‍ഫ്യൂഷന്‍' മാറിയപ്പോള്‍ സത്യം പുറത്ത്

12:41 PM Aug 02, 2023 | Deepika.com
തിരുവനന്തപുരം: പരിക്കേറ്റ് നാളുകളായി ചികിത്സയില്‍ കഴിയുന്ന യുവതിക്ക് എംവിഡിയുടെ പെറ്റി. മണക്കാട് തോട്ടം റെസിഡന്‍സ് അസോസിയേഷന്‍ ലേഖാസില്‍ ഭാവനാ ചന്ദ്രനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എടുത്ത ഫോട്ടോ സഹിതമുള്ള പെറ്റി ലഭിച്ചത്.

എന്നാല്‍ നാളുകളായി വാഹനം റോഡിലിറക്കാത്ത തനിക്കെങ്ങനെ പെറ്റി വന്നുവെന്ന് സംശയച്ചിരിക്കുമ്പോഴാണ് എംവിഡിക്ക് പറ്റിയ അശ്രദ്ധയാണിതെന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ മാസം 10ന് രാവിലെ എട്ടേമുക്കാലോടെ ജഗതി ഭാഗത്ത് സ്‌കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന യാത്രക്കാരിക്ക് ഹെല്‍മെറ്റ് ഇല്ല എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് എംവിഡി ജെ.എന്‍. വിനോദ് ഫോട്ടോ സഹിതമുള്ള പെറ്റി ചെല്ലാന്‍ ഭാവനയ്ക്ക് അയയ്ക്കുന്നത്.

പിഴത്തുകയായി 500 രൂപയാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ മുട്ടത്തറയ്ക്കു അടുത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ഭാവന. ജൂണ്‍ 30നാണ് ഭാവനയ്ക്ക് അപകടമുണ്ടായത്.

പെറ്റിയിലെ ചിത്രത്തിന്മേലുളള "കണ്‍ഫ്യൂഷനാണ്' ആളുമാറിപ്പോകാനുള്ള കാരണം. പെറ്റി വന്നിരിക്കുന്നത് KL 01 CN 8219 എന്ന ആക്ടീവ സ്‌കൂട്ടറിനാണ്. ഭാവനയുടെ ഡിയോ സ്‌കൂട്ടറിന്‍റെ നമ്പര്‍ KL 01 CW 8219 എന്നുമാണ്. CN എന്നത് CW എന്ന് തെറ്റി വായിച്ചതാണ് എംവിഡിക്ക് ആളുമാറി പെറ്റി പോകാന്‍ കാരണം. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.