ചങ്ങനാശേരി: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചു നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻഎസ്എസ്. സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവനയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
എ.എൻ. ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണ്. വിശ്വാസ സംരക്ഷണത്തിൽ ബിജെപിക്കും ആർഎസ്എസിനും ഒപ്പം നിൽക്കും. പ്രത്യേക സമുദായത്തിൽപ്പെട്ട ആളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ല. ഇതു സംബന്ധിച്ച് മുൻ മന്ത്രി എ.കെ.ബാലന്റെ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നു വിശ്വാസസംരക്ഷണദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ ഇന്നു രാവിലെതന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തണമെന്നാണ് ആഹ്വാനം.
സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവന: ജി. സുകുമാരൻ നായർ
10:58 AM Aug 02, 2023 | Deepika.com