ഇ​ന്ത്യ​ക്ക് 200 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യം, പ​ര​മ്പ​ര

10:58 AM Aug 02, 2023 | Deepika.com
ട്രി​നി​ഡാ​ഡ്: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 200 റ​ൺ​സ് ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 351 റ​ണ്‍​സെ​ടു​ത്തു. മ​റു​പ​ടി​ക്കെ​ത്തി​യ വി​ൻ​ഡീ​സ് 35.3 ഓ​വ​റി​ൽ 151 റൺസി​ന് പു​റ​ത്താ​യി. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര ഇ​ന്ത്യ 2-1ന് ​സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി​യ വി‍​ൻ​ഡീ​സ് ബാ​റ്റിം​ഗി​ന് അ​യ​ച്ച ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലും ഇ​ഷാ​ന്‍ കി​ഷ​നും മി​ന്നും തു​ട​ക്ക​മി​ട്ടു. 19.4 ഓ​വ​റി​ല്‍ 143 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​വ​ര്‍ പി​രി​ഞ്ഞ​ത്.

64 പ​ന്തി​ല്‍ മൂ​ന്ന് സി​ക്‌​സും എ​ട്ട് ഫോ​റും അ​ട​ക്കം 77 റ​ണ്‍​സ് നേ​ടി​യ ഇ​ഷാ​ന്‍ കി​ഷ​നാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന്‍റെ ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. ശു​ഭ്മാ​ന്‍ ഗി​ല്‍ 92 പ​ന്തി​ല്‍ 11 ഫോ​റു​മാ​യി 85 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി.

നാ​ലാം ന​മ്പ​റാ​യെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ 41 പ​ന്തി​ല്‍ നാ​ല് സി​ക്‌​സും ര​ണ്ട് ഫോ​റും അ​ട​ക്കം 51 റ​ണ്‍​സു​മാ​യി മ​ട​ങ്ങി. ത​ക​ര്‍​ത്ത​ടി​ച്ച ക്യാ​പ്റ്റ​ന്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ 52 പ​ന്തി​ല്‍ 70 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ വി​ൻ​ഡീ​സ് ത​ക​ർ​ന്നു. വി​ൻ​ഡീ​സി​നാ​യി വാ​ല​റ്റ​ത്ത് ഗു​ദ​കേ​ഷ് മോ​ട്ടി (34 പ​ന്തി​ൽ 39*) മാ​ത്രം പൊ​രു​തി. ഇ​ന്ത്യ​ക്കാ​യി ശാ​ർ​ദു​ൽ ഠാ​ക്കൂ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മു​കേ​ഷ് കു​മാ​ർ മൂ​ന്നും കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

വി​ൻ​ഡീ​സി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം നാ​ളെ ന​ട​ക്കും.