മൂന്നു ദിവസം ലിഫ്റ്റില്‍ കുടുങ്ങി: യുവതിക്ക് ദാരുണാന്ത്യം

04:10 PM Aug 01, 2023 | Deepika.com
താഷ്‌കെന്‍റ്: മൂന്നു ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന 32 വയസുകാരിക്ക് ദാരുണാന്ത്യം. ഉസ്‌ബെക്കിസ്ഥാന്‍റെ തലസ്ഥാനമായ താഷ്‌കെന്‍റിൽ കഴിഞ്ഞ മാസം 26നാണ് സംഭവം. ഒല്‍ഗ ലിയോന്‍റെവ എന്ന പോസ്റ്റ് വുമണാണ് മരിച്ചത്. ഒന്‍പത് നിലകളുള്ള കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലുള്ള ഫ്‌ളോറില്‍ വെച്ച് ഒല്‍ഗ ഉണ്ടായിരുന്ന ലിഫ്റ്റിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.

ആ സമയത്ത് ഇവര്‍ മാത്രമാണ് ലിഫ്റ്റിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തേണ്ട സമയമായിട്ടും ഒല്‍ഗയെ കാണാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് ദിവസം തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും ഒല്‍ഗ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് 28ന് ലിഫ്റ്റില്‍ ഒല്‍ഗയുടെ മൃതദ്ദേഹം കാണപ്പെട്ടുവെന്ന വിവരമാണ് പോലീസിന് ലഭിക്കുന്നത്.

ഇവര്‍ കുടുങ്ങിയ കെട്ടിടം അധികം ആളുകള്‍ ഉള്ളതല്ലെന്നാണ് സൂചന. ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണെന്ന് പലരും കരുതി. എന്നാല്‍ അതില്‍ ആരെങ്കിലും പെട്ടുപോയിട്ടുണ്ടോ എന്ന് ആദ്യ മണിക്കൂറുകളില്‍ ആരും പരിശോധിച്ചില്ല.

ചൈനീസ് നിര്‍മ്മിതമായ ലിഫ്റ്റായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. സംഭവസമയം പ്രദേശത്ത് വൈദ്യുതി വിച്ഛേദിച്ചിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.