മുതലപ്പൊഴിയിലെ മണ്ണ് അടിയന്തരമായി നീക്കും, അദാനി ഗ്രൂപ്പിന്‍റെ ഉറപ്പ് ലഭിച്ചു: മന്ത്രി സജി ചെറിയാന്‍

06:15 PM Jul 31, 2023 | Deepika.com
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയ കല്ലും മണ്ണും അടിയന്തരമായി നീക്കിതുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായി മന്ത്രി സജി ചെറിയാന്‍. ചൊവ്വാഴ്ച മുതല്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

മുതലപ്പൊഴിയില്‍ മത്സ്യബന്ധനവള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന പശ്ചാത്തലത്തില്‍ മന്ത്രിതല ഉപസമിതി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോംഗ് ബൂം ക്രെയിനും എസ്ക്കവേറ്റേഴ്‌സും എത്തിച്ച് പാറകളും മണ്ണും നീക്കുന്ന നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഡ്രെഡ്ജർ ഉടനെ എത്തിക്കാനാവില്ല. എന്നാല്‍ അനുകൂല കാലാവസ്ഥ നോക്കി രണ്ടോ മൂന്നോ ദിവസത്തിനകം ഇത് എത്തിക്കണമെന്ന നിര്‍ദേശം അദാനി ഗ്രൂപ്പ് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.

ആറ് ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രദേശത്ത് അടിയന്തരമായി സ്ഥാപിക്കും. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മൂന്ന് ബോട്ടുകളും ഒരു ആംബുലന്‍സും പ്രദേശത്ത് 24 മണിക്കൂറും ഉണ്ടാകും. സുരക്ഷ കണക്കിലെടുത്ത് നീന്തല്‍ വിദഗ്ധരായ 30 മത്സ്യതൊഴിലാളികളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ
തീരത്ത് നിയോഗിക്കും. പൊഴിയിലേക്കുള്ള വഴിയുടെ നിര്‍മാണം അടിയന്തരമായി പൂർത്തിയാക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ നടപ്പാക്കാതെ വന്നാല്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍.അനില്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടറും അദാനി ഗ്രൂപ്പ് ടെക്‌നിക്കല്‍ സ്റ്റാഫും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.