പാക്കിസ്ഥാന്‍ സ്‌ഫോടനം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

03:29 PM Jul 31, 2023 | Deepika.com
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുൻഖ്വ പ്രവിശ്യയില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെയുണ്ടായ സ്‌ഫോടനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ആളുകള്‍ തിങ്ങി നില്‍ക്കുന്നതിനിടെ ഉഗ്രസ്‌ഫോടനം നടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ കാമറ താഴേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയെന്നും നൂറിലധികം ആളുകള്‍ക്ക് പരുക്കേറ്റുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.



ഞായറാഴ്ച വൈകിട്ട് നാലിന് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ബജുര്‍ ജില്ലയിലെ ഖാര്‍ മേഖലയിലാണ് സ്‌ഫോടനം നടന്നത്. തീവ്ര ചിന്താഗതിയുള്ള മൗലാന ഫസ്ലുര്‍ റഹ്മാന്‍ നയിക്കുന്ന ജാമിയത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി (ജെയുഇഎഫ്) സമ്മേളനത്തിനിടെയായിരുന്നു സംഭവം.

സമ്മേളനത്തില്‍ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നും പരിക്കേറ്റവരെ പെഷവാര്‍, ടിമേര്‍ഗരാ മേഖലകളിലെ ആശുപത്രികളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും സ്‌ഫോടനത്തില്‍ ഐഎസിന് പങ്കുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.