ഹാര്‍ബറില്‍ അടിഞ്ഞ മണ്ണും കല്ലും ഉടനെ നീക്കണം; അദാനി ഗ്രൂപ്പിന് മന്ത്രിതല സമിതിയുടെ നിര്‍ദേശം

06:15 PM Jul 31, 2023 | Deepika.com
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ അദാനി ഗ്രൂപ്പിന് മന്ത്രിതല ഉപസമിതി നിര്‍ദേശം നല്‍കി. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണും കല്ലും ഉടനെ നീക്കണമെന്നാണ് നിര്‍ദേശം.

പൊഴിമുഖത്ത് ആഴം കൂട്ടാന്‍ ഉടന്‍ നടപടികള്‍ എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പുലിമുട്ടുകള്‍ ഇടിഞ്ഞിറങ്ങി ഹാര്‍ബറില്‍ അടിഞ്ഞിട്ടുള്ള കല്ലുകളും എത്രയും വേഗം നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് മണ്ണ് നീക്കാന്‍ ചെയ്യാത്തതില്‍ സമിതി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചു.

മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിന് അദാനി ഗ്രൂപ്പുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നിര്‍ദേശം. മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍.അനില്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടറും അദാനി ഗ്രൂപ്പ് ടെക്‌നിക്കല്‍ സ്റ്റാഫും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണഘട്ടത്തില്‍ മുതലപ്പൊഴി വഴി പാറക്കല്ലുകള്‍ എത്തിക്കുന്നതിന് അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു. മുതലപ്പൊഴിയില്‍ അടിയുന്ന മണ്ണ് നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ കാലവര്‍ഷം എത്തുന്നതിന് മുമ്പ് മണ്ണ് നീക്കം ചെയ്യാത്തതാണ് തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് മത്സ്യതൊഴിലാളികളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയത്.

ഇത്തവണ കാലവര്‍ഷം തുടങ്ങിയതിന് ശേഷം 18 അപകടങ്ങളാണ് മുതലപ്പൊഴിയില്‍ ഉണ്ടായത്. ഇന്ന് രാവിലെയും ഇവിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റിരുന്നു.