തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് അദാനി ഗ്രൂപ്പുമായുള്ള മന്ത്രിതല ഉപസമിതിയുടെ ചര്‍ച്ച തുടങ്ങി. മന്ത്രിമാരായ സജി ചെറിയാന്, വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്.അനില്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടറും അദാനി ഗ്രൂപ്പ് ടെക്നിക്കല്‍ സ്റ്റാഫും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11ഓടെ ആരംഭിച്ച യോഗത്തില്‍ പൊഴിയുടെ ആഴം കൂട്ടുന്നതും മണ്ണ് നീക്കം ചെയ്യുന്നതുമായ കാര്യങ്ങളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മാണഘട്ടത്തില്‍ മുതലപ്പൊഴി വഴി പാറക്കല്ലുകള്‍ എത്തിക്കുന്നതിന് അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുതലപ്പൊഴിയില്‍ അടിയുന്ന മണ്ണ് നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കാലവര്‍ഷം എത്തുന്നതിന് മുമ്പ് മണ്ണ് നീക്കം ചെയ്യാത്തതാണ് തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് മത്സ്യതൊഴിലാളികളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നത്.
ഇത്തവണ കാലവര്‍ഷം തുടങ്ങിയതിന് ശേഷം 18 അപകടങ്ങളാണ് മുതലപ്പൊഴിയില്‍ ഉണ്ടായത്. ഇന്ന് രാവിലെയും ഇവിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
മുതലപ്പൊഴി സുരക്ഷ; അദാനി ഗ്രൂപ്പുമായുള്ള മന്ത്രിതല ഉപസമിതിയുടെ ചര്‍ച്ച തുടങ്ങി
01:42 PM Jul 31, 2023 | Deepika.com