മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; ഇരകള്‍ സുപ്രീംകോടതിയില്‍

10:00 AM Jul 31, 2023 | Deepika.com
ന്യൂഡല്‍ഹി: മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഇരകള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഹര്‍ജി.

തങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ പക്ഷാപാതപരമല്ലാത്ത അന്വേഷണം ഉറപ്പുവരുത്താന്‍ കോടതി ഇടപെടല്‍ വേണമെന്ന് ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇരകള്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മേയ് നാലിനാണ് രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്.