പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വല്ലപ്പുഴ കരിമ്പറ്റ വീട്ടിൽ അബ്ദുൽ സത്താർ (52) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പറക്കുട്ടിക്കാവിന് സമീപം ഞായറാഴ്ച രാത്രി 9.50ഓടെയാണ് അപകടം. വാണിയംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സത്താറിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പനയൂർ സ്വദേശിയായ നെടുങ്കണ്ടത്തിൽ ഹസ്സൻ (46), വല്ലപ്പുഴ സ്വദേശിയായ തിരുമ്പിക്കൽ വീട്ടിൽ മുഹമ്മദ് റഷീദ് (46) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റഷീദിന്റെ നില അതീവ ഗുരുതരമാണ്. കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ റഷീദിനെ വാഹനം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് പുറത്തെടുത്തത്.
വാഹനപകടത്തെത്തുടർന്നു സംസ്ഥാനപാതയിൽ അരമണിക്കൂറിലധികം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷൊർണൂർ ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്
10:27 AM Jul 31, 2023 | Deepika.com