ഏഥൻസ്: മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട യാത്രികൻ വിമാനത്തിനുള്ളിൽ വച്ച് യുവതിയെയും മകളെയും ലൈംഗികാതിക്രമത്തിന് ഇരയാക്കി. ന്യൂയോർക്കിൽ നിന്ന് ഏഥൻസിലേക്ക് സർവീസ് നടത്തിയ ഡെൽറ്റ എയർലൈൻസ് വിമാനത്തിലുള്ളിൽ വച്ചാണ് സംഭവം നടന്നത്.
ഒമ്പത് മണിക്കൂർ നീണ്ടുനിന്ന സർവീസിന്റെ ഭൂരിഭാഗം സമയവും ഇയാൾ സ്ത്രീയെയും മകളെയും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിന്റെ ഒരു വശത്തിരുന്ന ഇയാൾ സ്ത്രീയെയും മകളെയും അപമര്യാദയോടെ സ്പർശിക്കുന്നത് ഏറെനേരം തുടർന്നു.
ഇയാൾക്ക് മദ്യം നൽകരുതെന്ന് കാബിൻ ക്രൂവിനോട് അഭ്യർഥിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ലെന്നും അക്രമിയെ താക്കീത് പോലും ചെയ്തില്ലെന്നും പരാതിക്കാർ ആരോപിച്ചു. ഒടുവിൽ മറ്റൊരു യാത്രികൻ സ്വന്തം സീറ്റ് യുവതിയുടെ മകൾക്ക് വിട്ടുനൽകി, അക്രമിയുടെയും യുവതിയുടെയും നടുവിലുള്ള സീറ്റിൽ ഇരുന്നതോടെയാണ് ഇയാൾ ശല്യം നിർത്തിയത്.
സംഭവം അധികൃതരോട് യഥാസമയം റിപ്പോർട്ട് ചെയ്യാതെ മൂടിവച്ച കാബിൻ ക്രൂ അക്രമിയെ യാതൊരു നടപടിയും കൂടാതെ വിമാനമിറങ്ങാൻ അനുവദിച്ചെന്നും പരാതിക്കാർ പറഞ്ഞു. ഡെൽറ്റ എയർലൈനിനെതിരെ രണ്ട് മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ കേസ് നൽകിയിട്ടുണ്ട്.
ഇതിനിടെ, യുവതിയോടും മകളോടും ഡെൽറ്റ എയർലൈൻസ് മാപ്പപേക്ഷ നടത്തുകയും ഇരുവർക്കും 5,000 മൈൽ സൗജന്യയാത്ര അനുവദിക്കുകയും ചെയ്തു,
10 പെഗ് അടിച്ചു; യുവതിയെയും മകളെയും വിമാനത്തിനുള്ളിൽ വച്ച് ശല്യപ്പെടുത്തി യാത്രികൻ
05:40 PM Jul 30, 2023 | Deepika.com