അലിഗഡ് മുസ്‌ലിം സര്‍വകലാശാല മുന്‍ വിസി ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ്

07:32 PM Jul 29, 2023 | Deepika.com
ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.താരിഖ് മന്‍സൂറിനെ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റായി നിയമിച്ച് ബിജെപി. തെലങ്കാനയിലെ മുന്‍ ബിജെപി പ്രസിഡന്‍റായിരുന്ന ബണ്ടി സഞ്ജയ് കുമാറിനെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.

കേരളത്തില്‍ നിന്നുള്ള നേതാവായ അബ്ദുല്ലക്കുട്ടിയും ദേശീയ നേതൃസ്ഥാനത്തേക്കുള്ള പട്ടികയിലുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള നേതാവ് സി.ടി രവി, അസമില്‍ നിന്നുള്ള ലോക്‌സഭാ എംപി ദിലീപ് സൈകിയ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും, ലോക്‌സഭാ എംപിമാരായ വിനോദ് സോങ്കര്‍, ഹരീഷ് ദ്വിവേദി, സുനില്‍ ദിയോധര്‍ എന്നിവരെ സെക്രറട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മുന്‍ കേന്ദ്ര മന്ത്രിയും ബിഹാറില്‍ നിന്നുള്ള ലോക്‌സഭാ എംപിയുമായ രാധാ മോഹന്‍ സിംഗിനെ പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിക്ക് പുറമേ യുപിയില്‍ നിന്നുള്ള രാജ്യസഭാ എംപി സുരേന്ദ്ര സിംഗ് നഗര്‍, അസമില്‍ നിന്നുള്ള രാജ്യസഭാ എംപി കമാഖ്യാ പ്രസാദ് ടാസാ എന്നിവരേയും പുതിയ സെക്രറട്ടറിമാരായി നിയമിച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് നിലവിൽ 13 ദേശീയ വൈസ് പ്രസിഡന്‍റുമാരും ഒന്‍പത് ജനറല്‍ സെക്രട്ടറിമാരും 13 സെക്രട്ടറിമാരുമുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.