ആലുവയിലെ കൊലപാതകം; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ

04:39 PM Jul 29, 2023 | Deepika.com
തിരുവനന്തപുരം: ആലുവയിലെ ചാന്ദ്നിയുടെ കൊലപാതകം വളരെ വേദനിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടിയെ തിരിച്ച് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംഭവം ദാരുണമെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചു. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം സ്ഥലത്ത് നിന്നും മാറ്റിയത്.

കുട്ടിയുടെ ദേഹമാസകലം മുറിവേറ്റതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂ.

കുട്ടിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അസ്ഫാക്ക് ആലം മൊഴി നല്‍കിയിട്ടുണ്ട്. ലഹരിയുടെ മയക്കത്തിലായിരുന്ന പ്രതി ഇന്ന് രാവിലെയാണ് പോലീസിനോട് കുറ്റസമ്മതം നടത്തിയത്.

അതേസമയം കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.