2024 ട്വന്‍റി 20 ലോകകപ്പ് മത്സരം ജൂണ്‍ നാല് മുതല്‍ 30 വരെ

03:36 PM Jul 29, 2023 | Deepika.com
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ജൂണ്‍ നാല് മുതല്‍ 30 വരെ നടക്കും. യുഎസും വെസ്റ്റ് ഇന്‍ഡീസുമാണ് ലോകകപ്പിന്‍റെ ആതിഥേയര്‍. ഇരു രാജ്യങ്ങളിലുമുള്ള 10 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

ആകെ 20 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പാപുവ ന്യൂഗിനി, അയര്‍ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയിട്ടുണ്ട്.

യുഎസിലുള്ള സ്‌റ്റേഡിയങ്ങളില്‍ ഐസിസി അധികൃതരെത്തി പരിശോധന നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മത്സരവേദികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്.

ഫ്‌ളോറിഡയിലെ ലോഡര്‍ഹില്‍, മോറിസ് വില്ലെ, ഡാലസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങള്‍ പട്ടികയിലുണ്ട്. ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പടെ 12 ടീമുകള്‍ യോഗ്യത നേടിക്കഴിഞ്ഞു.