കണ്ണീരൊപ്പാൻ... "ഇന്ത്യ'യുടെ പ്രതിനിധി സംഘം മണിപ്പുരിലെത്തി

04:36 PM Jul 29, 2023 | Deepika.com
ഇംഫാൽ: കലാപകലുഷിതമായ മണിപ്പുരിൽ സംയുക്ത പ്രതിപക്ഷമായ "ഇന്ത്യ'യുടെ 21 അംഗ പ്രതിനിധി സംഘമെത്തി. രണ്ടുദിവസത്തേക്ക് നടക്കുന്ന സന്ദർശനത്തിൽ കുക്കി, മെയ്തെയ് വിഭാഗങ്ങള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും എംപിമാർ സന്ദര്‍ശിക്കും.

ഞായറാഴ്ച മണിപ്പുര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തും. കലാപ ബാധിത പ്രദേശങ്ങള്‍ നേരിട്ട് മനസിലാക്കി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും അവിടുത്തെ ആളുകളുടെ ദുരിതങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതിനും വേണ്ടിയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ എംപിമാര്‍ മണിപ്പുരിലെത്തിയത്.

അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, ഫുലോ ദേവി നേതം (കോണ്‍ഗ്രസ്), രാജീവ് രഞ്ജൻ സിംഗ്, അനിൽ പ്രസാദ് ഹെഗ്ഡെ (ജെഡി-യു), സുഷ്മിത ദേവ് (ടിഎംസി), കനിമൊഴി (ഡിഎംകെ), സന്തോഷ് കുമാർ (സിപിഐ), എ.എ. റഹിം (സിപിഎം), മാനോജ് കുമാർ ഝാ (ആർജെഡി), ജാവേദ് അലി ഖാൻ (എസ്പി), പിപി. മുഹമ്മദ് ഫൈസൽ (എൻസിപി), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), അരവിന്ദ് സ്വാവന്ത് (ശിവസേന), ഡി. രവികുമാർ, തോൽ തിരുമവാലവൻ (വികെസി), ജയന്ത് സിംഗ് (ആർഎൽഡി) എന്നിവരാണ് സംഘത്തിലുള്ളത്.

ലോക്സഭയില്‍ നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി മണിപ്പുരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.