ഡല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ കൊലപാതകം: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

11:53 AM Jul 29, 2023 | Deepika.com
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പ്രതി ഇര്‍ഫാന്‍റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട നര്‍ഗീസെന്നും അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഏറെ നാളുകളായി ഇര്‍ഫാന്‍ പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

കമലാ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന നര്‍ഗീസ് ടൈപ്പിംഗ് ക്ലാസുകള്‍ക്കടക്കം പോകുന്നുണ്ടായിരുന്നു. പ്രതി ഇതെല്ലാം ഏറെ നാളായി നിരീക്ഷിച്ച് വരികയായിരുന്നു.

വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലയിലേക്ക് നയിച്ചത്. കൊല നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് സ്വന്തം വീട്ടില്‍ നിന്നും എടുത്തതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള അര്‍ബിന്ദോ കോളജിനു സമീപം വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. അക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് ശരീരത്തിനടുത്ത് നിന്നും ലഭിച്ചിരുന്നു.

യുവാവിന് സ്ഥിരജോലി ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതോടെ പെണ്‍കുട്ടി യുവാവിനോട് സംസാരിക്കാതെയായി. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.

ഫുഡ് ഡെലിവറി ഏജന്‍റായി ഇര്‍ഫാന്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള പരീക്ഷകള്‍ക്കായി നര്‍ഗീസ് തയാറെടുക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.