ഭീമാ കൊറേഗാവ് കേസ്: അരുണ്‍ ഫരേരക്കും വെര്‍നണ്‍ ഗോണ്‍സാല്‍വസിനും ജാമ്യം

07:44 PM Jul 28, 2023 | Deepika.com
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫരേരക്കും ജാമ്യമനുവദിച്ച് സുപ്രീം കോടതി. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഇരുവരും യുഎപിഎ പ്രകാരമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്.

കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ട് പോകരുതെന്നും പാസ്‌പോര്‍ട്ട് എന്‍ഐഎയ്ക്ക് നല്‍കണമെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

മൊബൈല്‍ ലൊക്കേഷന്‍ എപ്പോഴും എന്‍ഐഎയ്ക്ക് പരിശോധിക്കാന്‍ സാധിക്കണമെന്നും, ആഴ്ച്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

2021ല്‍ ബോംബേ ഹൈക്കോടതി മുന്‍പാകെ ജാമ്യത്തിനായി ഹര്‍ജി നല്‍കിയിരുന്നത് തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷത്തിലധികമായി രണ്ട് പേരും ജയിലില്‍ കഴിയുകയാണ് എന്നത് പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.