"ബൈജൂസ് അധികൃതര്‍ ഭീഷണിപ്പെടുത്തുന്നു, ആത്മഹത്യയല്ലാതെ വേറെ വഴിയില്ല', പൊട്ടിക്കരഞ്ഞ് ജീവനക്കാരി

06:20 PM Jul 28, 2023 | Deepika.com
ന്യൂഡല്‍ഹി: വരുമാനം പെരുപ്പിച്ച് കാണിച്ച് വെട്ടിലായ എഡ്‌ടെക്ക് കമ്പനി ബൈജൂസിന് ഇരട്ട പ്രഹരമായി ജീവനക്കാരിയുടെ വീഡിയോ. കമ്പനി അധികൃതര്‍ തന്നെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും അത് ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് മുതലുള്ള ശമ്പളം തരില്ലെന്ന് അവര്‍ അറിയിച്ചതായും യുവതി പറയുന്നു.

അകാന്‍ഷ ഖേംക എന്ന യുവതിയാണ് തന്‍റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ബൈജൂസില്‍ അക്കാഡമിക്ക് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ് അകാന്‍ഷ.

ഭര്‍ത്താവ് സുഖമില്ലാത്ത വ്യക്തിയാണ്, തനിക്ക് വായ്പാ തിരിച്ചടവ് ഉള്‍പ്പടെ ഉണ്ടെന്നും വീട്ടില്‍ വരുമാനമുള്ള ഏക വ്യക്തി താനാണെന്നും അകാന്‍ഷ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു. സര്‍ക്കാരില്‍ നിന്നും തനിക്ക് പിന്തുണ വേണമെന്നും ഇവര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു.



ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ ഇനി മറ്റൊരു വഴി മുന്നിലില്ലെന്നും ഇവര്‍ പറയുന്നുണ്ട്. ജോലിയില്‍ മോശം പ്രകടനവും ഓഫീസില്‍ വെച്ചുള്ള മോശമായ പെരുമാറ്റവും കാരണമാണ് പിരിച്ചുവിടുന്നതെന്ന് മാനേജര്‍ പറഞ്ഞുവെന്നും എന്നാല്‍ ഇതല്ല കാരണമെന്ന് എച്ച് ആര്‍ വ്യക്തമാക്കിയതായും അകാന്‍ഷ പറഞ്ഞു.

കമ്പനിയില്‍ നിന്നും വേരിയബിള്‍ പേ നല്‍കാമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ടാണ് വായ്പ എടുത്തത്. എന്നാല്‍ ഈ വാക്ക് അവര്‍ പാലിച്ചില്ലന്നും വായ്പാ തിരിച്ചടവിന് താന്‍ ബുദ്ധിമുട്ടുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അകാന്‍ഷയുടെ വീഡിയോയ്ക്ക് ഒട്ടേറെ പേര്‍ പ്രതികരണവുമായി എത്തിയിരുന്നു. എല്ലാവിധ പിന്തുണയും നല്‍കുമെന്നും, മറ്റൊരു ജോലി കണ്ടെത്താന്‍ എല്ലാ വിധത്തിലുമുളള സഹായം ചെയ്യുമെന്നും കമന്‍റുകൾ എത്തി.