ശു​ഭ​സ്യ ശീ​ഘ്രം! വി​ൻ​ഡീ​സി​നെ അ​തി​വേ​ഗം വീ​ഴ്ത്തി ഇ​ന്ത്യ

11:55 PM Jul 27, 2023 | Deepika.com
ബ്രി​ഡ്ജ്ടൗ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ഒ​ന്നാം "ഏ​ക​ദി​ന'​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ധി​കാ​രി​ക ജ​യം. വി​ൻ​ഡീ​സി​നെ 114 റ​ൺ​സി​ന് ചു​രു​ട്ടി​ക്കെ​ട്ടി​യ ഇ​ന്ത്യ 22.5 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ട​തോ​ടെ, അ​തി​വേ​ഗം അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ വി​ജ​യം നേ​ടി ഇ​ന്ത്യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി.

സ്കോ​ർ:
വെ​സ്റ്റ് ഇ​ൻ​ഡീ​സ് 114/10(23)
ഇ​ന്ത്യ 118/5(22.5)


ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്കാ​യി സ്പി​ൻ അ​നു​കൂ​ല പി​ച്ചി​ൽ കു​ൽ​ദീ​പ് യാ​ദ​വും ര​വീ​ന്ദ്ര ജ​ഡേ​ജ​യും നി​റ​ഞ്ഞാ​ടി. മൂ​ന്നോ​വ​ർ എ​റി​ഞ്ഞ് ആ​റ് റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ല് വി​ക്ക​റ്റു​ക​ൾ പി​ഴു​ത യാ​ദ​വ് ആ​ണ് വി​ൻ​ഡീ​സി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്.

യാ​ദ​വി​ന്‍റെ വ​ക ര​ണ്ടെ​ണ്ണം ഉ​ൾ​പ്പെ​ടെ ആ​കെ നാ​ല് മെ​യ്ഡ​ൻ ഓ​വ​റു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പി​റ​ന്ന​ത്. ജ​ഡേ​ജ ആ​റ് ഓ​വ​റി​ൽ 37 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്ത് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ നേ​ടി. ‌

നാ​യ​ക​ൻ ഷാ​യ് ഹോ​പ്(43), അ​ലി​ക് അ​ത്ത​നാ​സെ(22) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ക​രീ​ബി​യ​ൻ നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. ബ്രാ​ൻ​ഡ​ൻ കിം​ഗ് 17 റ​ൺ​സ് നേ​ടി ഓ​പ്പ​ണിം​ഗി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​റ്റ് ഏ​ഴ് ബാ​റ്റ​ർ​മാ​ർ ഒ​റ്റ​യ​ക്ക സ്കോ​റി​ന് പു​റ​ത്താ​യ​ത് ടീ​മി​നെ വ​ശം​കെ​ടു​ത്തി. മൂ​ന്ന് പേ​ർ സം​പൂ​ജ്യ​രാ​യി മ​ട​ങ്ങി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴു​മ്പോ​ഴും സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ലെ മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലെ ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ താ​ഴേ​ക്ക് പൊ​യ്ക്കൊ​ണ്ടി​രു​ന്നു. യു​വ​താ​ര​ങ്ങ​ൾ​ക്ക് ബാ​റ്റിം​ഗ് അ​വ​സ​രം ന​ൽ​കാ​നാ​യി​രു​ന്നെ​ങ്കി​ൽ ഇ​വ​ർ​ക്ക് പു​റ​ത്തി​രു​ന്ന് സ​ഞ്ജു സാം​സ​ണ് അ​വ​സ​രം ന​ൽ​കാ​മാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​വും പ്ര​സ​ക്ത​മാ​ണ്.

ഓ​പ്പ​ണ​ർ ഇ​ഷാ​ൻ കി​ഷ​ൻ 42 പ​ന്തി​ൽ ഏ​ഴ് ഫോ​റും ഒ​രു സി​ക്സും പാ​യി​ച്ച് 56 റ​ൺ​സ് നേ​ടി വി​ജ​യം അ​നാ​യാ​സ​മാ​ക്കി. സൂ​ര്യ​കു​മാ​ർ യാ​ദ​വ്(19), ജ​ഡേ​ജ(16*) എ​ന്നി​വ​രാ​ണ് ടീ​മി​നെ വി​ജ​യ​ല​ക്ഷ്യം ക​ട​ത്തി​യ​ത്.