കോട്ടയം: പാമ്പാടി എട്ടാംമൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കടയുടമ ഉദയശ്രീ(31) അടക്കമുള്ള അഞ്ച് പേർക്കാണ് പരിക്കേറ്റത്. കടയിലെത്തിയ അനീഷ്, രജിത്ത്, രാകേഷ് എന്നിവർക്കും പരിക്കേറ്റു.
വൈകിട്ട് അഞ്ചിനാണ് അപകടം നടന്നത്. പാമ്പാടിയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ടാങ്കർ നിയന്ത്രണം നഷ്ടമായി റോഡിന്റെ മറുവശത്തുള്ള തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
ലോറിക്കടിയിൽ കുടുങ്ങിപ്പോയ ഉദയശ്രീയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തട്ടുകടയിൽ ബജ്ജി തയാറാക്കാനായി സൂക്ഷിച്ചിരുന്ന തിളച്ച എണ്ണ ശരീരത്തിൽ പതിച്ച് ടാങ്കർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കടയിലെത്തിയ രണ്ട് പേരുടെ തലയ്ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം പാമ്പാടിയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പാമ്പാടിയിൽ ടാങ്കർ ലോറി തട്ടുകടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് ഗുരുതര പരിക്ക്
11:56 PM Jul 27, 2023 | Deepika.com