കോഴിക്കോട്: തെങ്ങുകയറുന്നവരുടെ കൈയിലെയും കാലിലെയും തഴമ്പ് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. അതുകൊണ്ട് തെങ്ങുയറാനും കള്ള് ചെത്താനും ചെറുപ്പക്കാര്‍ അധികം പോകുന്നില്ലെന്നും ജയരാജന് പറഞ്ഞു.
തേങ്ങയിടാന്‍ ആളില്ലാത്തതുകൊണ്ട് നിലത്തുവീണ ശേഷം ഇപ്പോള്‍ തേങ്ങ പെറുക്കിയെടുക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക ഉത്പന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും ജയരാജന് പറഞ്ഞു.
യഥാര്‍ഥത്തില്‍ കള്ള് ലിക്കര്‍ അല്ല, നല്ലൊരു പോഷകാഹാര വസ്തുവാണ്. അത് രാവിലെ എടുത്ത ഉടന്‍തന്നെ കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. പിന്നീടാണത് ലഹരിയായിത്തീരുന്നത്.
കള്ളിന്റെയും നീരയുടെയും ഉത്പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തില്‍ ഉണ്ടാകും. ഇപ്പോള്‍ ആളുകള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതുപോലെയാണ്.
ഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍നിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടി കൊണ്ടുവരാന്‍ സാധിക്കുമെന്നും ജയരാജന് പറഞ്ഞു.
തെങ്ങുകയറുന്നവരുടെ ശരീരത്തിലെ തഴമ്പ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല: ഇ.പി.ജയരാജന്
02:45 PM Jul 27, 2023 | Deepika.com