തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയതിന്റെ പേരിലെടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാര്‍ അല്ലെന്ന് പോലീസ് വ്യക്തമാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി.
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്ന വേളയില്‍ മൈക്ക് പണിമുടക്കുകയായിരുന്നു.
വിഷയത്തില്‍ കേരളാ പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിമിഷങ്ങള്‍ മാത്രം മൈക്ക് തകരാറായതിന്റെ പേരിലായിരുന്നു കേസ്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവര്‍ത്തിച്ചുവെന്നായിരുന്നു എഫ്ഐആര്‍. വിഷയത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും എതിർപ്പുയർന്നു. വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി.
കേസ് വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ടു. പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും അദ്ദേഹം പോലീസിന് നിര്‍ദേശം നല്കുകയുണ്ടായി.
പോലീസ് "മൈക്ക് ഓഫാക്കി'; കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്കി
03:33 PM Jul 27, 2023 | Deepika.com