തിരുവനന്തപുരം: നാഗര്‍കോവിലില്‍നിന്ന് നാലു മാസം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ടു വന്ന രണ്ട് പേര് അറസ്റ്റില്‍. ചിറയിന്‍കീഴില്‍ താമസിക്കുന്ന ശാന്തി, നാരായണന് എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായത്.
നാടോടി സംഘത്തില്‍പ്പെട്ട ആളുകളാണ് പ്രതികള്‍. ഇവരുടെ സംഘത്തില്‍പ്പെട്ട മുത്തുരാജ് എന്നയാളുടെ കുഞ്ഞിനെ ഇവര്‍ കടത്തിക്കൊണ്ട് വരികയായിരുന്നു. ചിറയിന്‍കീഴ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ കാണാതായതിന് പിന്നാലെ തമിഴ്നാട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ചിറയിന്‍കീഴ് പോലീസിന് വിവരം കൈമാറുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറും. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം.
ഭിക്ഷാടനത്തിന് വേണ്ടിയാകാം കുഞ്ഞിനെ കടത്തിക്കൊണ്ട് വന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ കുഞ്ഞിനെ തട്ടിയെടുത്തത് വളർത്താനാണെന്നാണ് പ്രതികളുടെ മൊഴി.
നാലു മാസം പ്രായമായ കുഞ്ഞിനെ കടത്തി; നാടോടികൾ അറസ്റ്റില്‍
12:47 PM Jul 27, 2023 | Deepika.com