"ഇന്ത്യ'യുടെ അവിശ്വാസത്തിന് സ്പീക്കറുടെ അനുമതി; തീയതി ഉടന്‍ തീരുമാനിക്കും

06:22 PM Jul 26, 2023 | Deepika.com
ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി. ചട്ടമനുസരിച്ച് എല്ലാപാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും ചര്‍ച്ചയുടെ സമയക്രമം അറിയിക്കുമെന്നും അവിശ്വാസ പ്രമേയം അംഗീകരിച്ചുകൊണ്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

ലോക്സഭയില്‍ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'ക്കുവേണ്ടി കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് നോട്ടീസ് നല്കിയത്. മണിപ്പുര്‍ വിഷയത്തില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംപി നാമാ നാഗേശ്വര റാവുവും മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി.

അതിനിടെ, മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം മുഴക്കിയതോടെയാണ് സഭാ നടപടികള്‍ തടസപ്പെട്ടത്.

വിഷയത്തില്‍ രാജ്യസഭയും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. "ഇന്ത്യ മണിപ്പുരിനൊപ്പം' എന്ന പ്ലക്കാര്‍ഡ് പ്രതിപക്ഷം രാജ്യസഭയില്‍ ഉയര്‍ത്തി. മണിപ്പൂരിനെക്കുറിച്ച് വനിതാ മന്ത്രി എപ്പോള്‍ സംസാരിക്കും എന്ന് കോണ്‍ഗ്രസ് നേതാവ് അമീ യാഗ്‌നിക് ചോദിച്ചു.

ഇതിനെതിരേ സ്മൃതി ഇറാനി രംഗത്തുവന്നു. "മണിപ്പുരിനെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും ബിഹാറിനെക്കുറിച്ചും വനിതാ മന്ത്രിമാര്‍ സംസാരിക്കും. ഇതിനെക്കുറിച്ചെല്ലാം സംസാരിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ' എന്നവർ തിരിച്ചടിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം രാവിലെ ചേര്‍ന്നിരുന്നു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.