മണിപ്പുർ കലാപം: മോദി സർക്കാരിനെതിരേ "ഇന്ത്യ'യുടെ അവിശ്വാസം

12:29 PM Jul 26, 2023 | Deepika.com
ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'ക്കുവേണ്ടി നോട്ടീസ് നല്കിയത്.

എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചിരുന്നു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം.

അവിശ്വാസ പ്രമേയ ചർച്ചയ്ക്കു പ്രധാനമന്ത്രി മറുപടി പറയണമെന്നതിനാൽ മോദിക്ക് മൗനിയായി തുടരാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗത്തിൽ നിർദേശമുയർന്നിരുന്നു.

മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിലെ ഗുരുതര വീഴ്ച, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി എന്നിവയടക്കം കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ചർച്ചയിലൂടെ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു.