അടിച്ചു ഫിറ്റായ യുവാവ് ജീപ്പുമായി കടന്നു, പിന്നാലെ ഓടി പോലീസ്

12:56 PM Jul 26, 2023 | Deepika.com
തിരുവനന്തപുരം: നൈറ്റ് പട്രോളിംഗിനിടെ പോലീസ് വാഹനവുമായി കടന്നുകളഞ്ഞ യുവാവ് കസ്റ്റഡിയിൽ. തിരുവനന്തപുരം പാറശാലയിലെ പരശുവക്കലിലാണ് സംഭവം. പാറശാല സ്വദേശി ഗോകുലിനെയാണ് പോലീസ് പിടികൂടിയത്.

പോലീസുകാർ ജീപ്പിന്‍റെ സമീപത്തുനിന്ന് മാറിയ സമയത്താണ് ഇയാൾ ജീപ്പുമായി കടന്നുകളഞ്ഞത്. പരശുവക്കലിൽ നിന്ന് ആനമ്പാറ വരെ ഒരു കിലോമീറ്ററോളം യുവാവ് വാഹനം ഓടിച്ചുകൊണ്ടു പോയി.

തുടർന്ന് വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നതോടെ പോലീസും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ വാഹനം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.