ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യി​ലും ഇ​ന്ത്യ​ൻ മു​ജാ​ഹി​ദീ​നി​ലും "ഇ​ന്ത്യ' ഉ​ണ്ട്; സ​ഖ്യ​ത്തെ പ​രി​ഹ​സി​ച്ച് മോ​ദി

03:21 PM Jul 25, 2023 | Deepika.com
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് "ഇന്ത്യ' എന്ന് പേരിട്ടതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എന്ന് പേരിട്ടത് കൊണ്ടുമാത്രം കാര്യമില്ല. ദിശാബോധമില്ലാത്തവരാണ് ഇപ്പോഴത്തെ പ്രതിപക്ഷമെന്നും ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ- ഇവയിലൊക്കെയും ഇന്ത്യ ഉണ്ട്. എന്തിനും ഏതിനും ഇന്ത്യ എന്ന പേര് മാത്രം ഉപയോഗിച്ചാൽ അർഥമാകില്ല. രാജ്യത്തിന്‍റെ പേര് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മോദി പറഞ്ഞു.

മണിപ്പുർ കലാപം, സ്ത്രീകളെ നഗ്നരായി റോഡിലൂടെ നടത്തിയത് എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന പാർലമെന്‍റിൽ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷ സഖ്യത്തിനെതിരേ വിമർശനവുമായി മോദി രംഗത്തുവന്നിരിക്കുന്നത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജനപിന്തുണയോടെ ബിജെപി അനായാസം വിജയിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, മണിപ്പുർ വിഷയത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ സഖ്യം. പ്രധാനമന്ത്രി പാർലമെന്‍റിൽ സംസാരിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും സഖ്യം അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മുറിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.