കോഴിക്കോട്: ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വിരുതന്മാർക്ക് മുന്നറിയിപ്പുമായി ജില്ലാ കളക്ടർ എ.ഗീത.
ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുന്നതിനിടെ, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കളക്ടർ രംഗത്തെത്തിയത്.
രാത്രി 7.45-ഓടെയാണ് ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യം ജില്ലാ കളക്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ആറ് മണി മുതൽതന്നെ, കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച അവധിയാണെന്ന പ്രചാരണം വ്യാപകമായിരുന്നു. ഇത്തരം വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്.
നേരത്തെ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാനപങ്ങൾക്കും ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളിലെ സ്കൂളുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ മേഖലകളിലെ കോളജുകൾ തുറന്ന് പ്രവർത്തിക്കും.
അവധിയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടർ
11:53 PM Jul 24, 2023 | Deepika.com