രാജസ്ഥാന്‍ സ്വദേശിനിയുമായി വിവാഹമില്ല, ഓഗസ്റ്റ് 20ന് മടങ്ങിയെത്തുമെന്നും പാക്ക് സുഹൃത്ത്

05:24 PM Jul 24, 2023 | Deepika.com
പെഷാവര്‍: തന്നെ കാണാനാണ് ഇന്ത്യയിലെ സുഹൃത്ത് വന്നതെന്നും പ്രണയമോ, വിവാഹം കഴിയ്ക്കാനുള്ള തീരുമാനമോ ഞങ്ങള്‍ക്കിടയില്‍ ഇല്ലെന്നും രാജസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് പുറപ്പെട്ട അഞ്ജുവിന്റെ പാക്ക് സുഹൃത്ത് അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 20 ന് അഞ്ജു ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്നും സുഹൃത്ത് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ പ്രദേശമായ പഖ്തുന്‍ഖ്വയിലേക്കാണ് രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള വിവാഹിത കൂടിയായ യുവതി ഏതാനും ദിവസം മുന്‍പ് പോയത്. ഇവര്‍ യുപിയിലെ കൈലോറിലാണ് ജനിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

29 വയസുകാരനായ പാക്കിസ്ഥാന്‍ സ്വദേശി നസ്‌റുല്ലയെ കാണാനാണ് അഞ്ജു എന്ന 34 വയസുകാരി പുറപ്പെട്ടത്. മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്‌റുല്ലയെ ഫേസ്ബുക്ക് വഴിയാണ് അഞ്ജു പരിചയപ്പെട്ടത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് സംശയം തോന്നി കസ്റ്റഡിയിലെടുത്തു. യാത്രാ രേഖകള്‍ കൃത്യമാണെന്ന് മനസിലായതോടെ വിട്ടയച്ചു.

സംഭവത്തില്‍ നസ്‌റുല്ലയേയും പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് 'ഫേസ്ബുക്ക് പ്രണയകഥ' പുറംലോകമറിയുന്നത്. ഭിവാഡിയിലുള്ള അഞ്ജുവിന്റെ വീട്ടില്‍ രാജസ്ഥാന്‍ പോലീസ് എത്തുകയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ പറ്റി ചോദിച്ചറിയുകയും ചെയ്തു.

എന്നാല്‍ സുഹൃത്തിനെ കാണാന്‍ ജയ്പുരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പോലീസിനെ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാട്‌സ് ആപ്പ് കോളില്‍ വന്നപ്പോഴാണ് അഞ്ജു ലാഹോറിലാണെന്ന് ഭര്‍ത്താവിന് മനസിലായത്. 2007ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് 15 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്.

ഭിവാഡിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്നതിനാണ് പാസ്‌പോര്‍ട്ട് എടുക്കുന്നതെന്ന് 2020ല്‍ അഞ്ജു പറഞ്ഞിരുന്നതെന്നും ഭര്‍ത്താവ് അരവിന്ദ് വ്യക്തമാക്കി.

അടുത്തിടെയാണ് പാക്കിസ്ഥാന്‍ സ്വദേശിയും നാലു കുട്ടികളുടെ അമ്മയുമായ സീമ ഗുലാം ഹൈദര്‍ കാമുകനായ സച്ചിന്‍ മീണയെ കാണുന്നതിനായി ഇന്ത്യയിലേക്ക് വന്നത്. 2019 മുതല്‍ പബ്ജി ഗെയിം ശീലമാക്കിയിരുന്ന സീമ ഈ പ്ലാറ്റ്‌ഫോമിലൂടെയാണ് സച്ചിനെ പരിചയപ്പെടുന്നത്. എന്നാല്‍ വിസയില്ലാതെയാണ് സീമ ഇന്ത്യയിലേക്ക് കടന്നത്.

വാഗാ അതിര്‍ത്തി വഴി എല്ലാ രേഖകളും വച്ച് നിയമപരമായിട്ടാണ് അഞ്ജു പാക്കിസ്ഥാനിലേക്ക് വന്നതെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. വിവാഹം നടത്താനല്ല കാമുകനെ കാണാനും പാക്കിസ്ഥാനില്‍ ഒരു മാസം താമസിക്കാനുമാണ് വന്നതെന്നും അഞ്ജു അറിയിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.