വാട്‌സ് ആപ്പ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ച്ചു, ഉത്തരവാദിത്വത്തോടെ പോ​സ്റ്റ് ചെ​യ്യ​ണം: ബോം​ബെ ഹൈ​ക്കോ​ട​തി

05:49 PM Jul 24, 2023 | Deepika.com
മും​ബൈ: ഒ​രാ​ള്‍ തന്‍റെ വാട്‌സ് ആപ്പ് സ്റ്റാ​റ്റ​സ് വ​ഴി മ​റ്റു​ള്ള​വ​രോ​ട് എ​ന്തെ​ങ്കി​ലും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മ്പോ​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത ​ബോ​ധ​ത്തോ​ടെ വേ​ണ​മെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നാ​ഗ്പൂ​ര്‍ ബെ​ഞ്ച്. കിഷോര്‍ ലാന്‍ഡ്ക്കർ(27) എ​ന്ന​യാ​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​യാണ് കോ​ട​തി നിരീക്ഷണം.

ഒ​രു മ​ത​വി​ഭാ​ഗ​ത്തി​നെ​തി​രേ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ഉ​ള്ള​ട​ക്കം പോ​സ്റ്റ് ചെ​യ്ത​തി​ന് ത​നി​ക്കെ​തി​രേ എ​ടു​ത്ത കേ​സ് റ​ദ്ദാ​ക്കാ​ന്‍ ഇ​യാ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ജ​സ്റ്റീ​സു​മാ​രാ​യ വി​ന​യ് ജോ​ഷി, വാ​ല്‍​മീ​കി എ​സ്എ മെ​നെ​സെ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഈ മാസം 12ന് ഹ​ര്‍​ജി ത​ള്ളി​യ​ത്.

"വാ​ട്ട്സ്ആ​പ്പ് സ്റ്റാ​റ്റ​സ് നി​ങ്ങ​ള്‍ ചെ​യ്യു​ന്ന​തിന്‍റെയോ​ ചി​ന്തി​ക്കു​ന്ന​തി​ന്‍റെയോ ക​ണ്ട​തി​ന്‍റെയോ ചി​ത്ര​മോ വീ​ഡി​യോ​യോ ആ​കാം, അ​ത് 24 മ​ണി​ക്കൂ​റി​ന് ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​കും. ഒ​രു വ്യ​ക്തി​യു​ടെ കോ​ണ്‍​ടാ​ക്റ്റു​ക​ളി​ലേ​ക്ക് എ​ന്തെ​ങ്കി​ലും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് വാട്‌സ് ആപ്പ് സ്റ്റാ​റ്റ​സി​ന്‍റെ ഉ​ദ്ദേ​ശ്യം. മ​റ്റു​ള്ള​വ​രോ​ട് എ​ന്തെ​ങ്കി​ലും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മ്പോ​ള്‍ ഒ​രാ​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ പെ​രു​മാ​റ​ണം'- കോ​ട​തി ഓർമിപ്പിച്ചു.

ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കി​ഷോ​ര്‍ ത​ന്‍റെ വാ​ട്ട്സ്ആ​പ്പ് സ്റ്റാ​റ്റ​സി​ല്‍ ഒ​രു ചോ​ദ്യം എ​ഴു​തു​ക​യും ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് ഗൂ​ഗി​ളി​ല്‍ അ​ത് തി​ര​യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു എ​ന്ന​താ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​നം. പ​രാ​തി​ക്കാ​ര​ന്‍ ഈ ​ചോ​ദ്യം ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞ​പ്പോ​ള്‍ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ആ​ക്ഷേ​പ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ക​ണ്ട​ത്.

എ​ന്നാ​ല്‍ ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ന്‍ താ​ന്‍ മ​നഃ​പൂ​ര്‍​വം ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കാ​ന്‍ ശ്രമിച്ചില്ലെന്നും കിഷോർ പറഞ്ഞു. മ​റ്റൊ​രാ​ളു​ടെ ന​മ്പ​ര്‍ സേ​വ് ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മേ വാട്‌സ് ആപ്പ് സ്റ്റാ​റ്റ​സ് കാ​ണാ​ന്‍ ക​ഴി​യൂ എന്നും പ്രതി വാദിച്ചു.

എ​ന്നാ​ല്‍ വാട്‌സ് ആപ്പ് സ്റ്റാ​റ്റ​സ് പ​രി​മി​ത​മാ​യ സ​ര്‍​ക്കു​ലേ​ഷ​നാ​ണെ​ന്ന കാരണത്താൽ പ്ര​തി​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഉള്ളടക്കമാണ് കിഷോര്‍ പങ്കുവെച്ചതെന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി കേ​സ് റ​ദ്ദാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു.

മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങളെ എതിര്‍ക്കല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്.