പ്രതിപക്ഷ ബഹളം: ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

06:07 PM Jul 24, 2023 | Deepika.com
ന്യൂഡൽഹി: മണിപ്പുർ വിഷയത്തിലെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയാറായില്ല. ആവശ്യത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതോടെയാണ് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചത്.

പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭയും സ്തംഭിച്ചിരുന്നു. സഭ രണ്ടുതവണ നിർത്തിവയ്ക്കുകയും ചെയ്തു. അതേസമയം, മണിപ്പുർ വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം ഇതിന് അനുവദിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സത്യം എന്താണെന്ന് രാജ്യം അറിയണമെന്നും അമിത്ഷാ പ്രതികരിച്ചു.

നേരത്തേ, മണിപ്പുര്‍ വിഷയത്തില്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെയാണ് നടപ്പ് സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്.

ചെയറിന്‍റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിക്കെതിരേ രാജ്യസഭാ സ്പീക്കറും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍ നടപടിയെടുത്തത്.