"മണിപ്പുരിൽ' നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

12:41 PM Jul 24, 2023 | Deepika.com
ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.

മണിപ്പുരിലേത് ഗൗരവമായ വിഷയമാണെന്നും സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിനെ അഭിസംബോധന ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ ചോദ്യോത്തര വേളയ്ക്ക് ശേഷം ചർച്ചയാകാമെന്നാണ് സ്പീക്കർ ഓം ബിർള അറിയിച്ചത്. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവയ്ക്കുകയും ചെയ്തു.

നേരത്തേ, പ്രധാനമന്ത്രി പാർലമെന്‍റിൽ മണിപ്പുരിനെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യിലെ അംഗങ്ങൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.