വിജിലന്‍സ് അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍; പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണം

03:10 PM Jul 22, 2023 | Deepika.com
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

വിവിധ വകുപ്പുകളില്‍ നടക്കുന്ന മിന്നല്‍ പരിശോധനകളുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഏതെങ്കിലും വകുപ്പിനെക്കുറിച്ചോ ഉദ്യോഗസ്ഥനെക്കുറിച്ചോ വിവരം ലഭിച്ചാല്‍ രഹസ്യാന്വേഷണം നടത്താനും ഒരു മാസമാണ് സമയപരിധി.

സര്‍ക്കാരിന് ലഭിക്കുന്ന പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി കഴിഞ്ഞാല്‍ അത് ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അഴിമതി നടത്തിയ ഉദ്യേഗസ്ഥരെ കൈയോടെ പിടികൂടുന്ന സംഭവങ്ങളില്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.

അനധികൃത സ്വത്ത് സമ്പാദനത്തിലും ഗൗരവ സ്വഭാവമുള്ള മറ്റ് ചില കേസുകളിലും 12 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.

വിജിലന്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് സമയപരിധി നിശ്ചയിക്കുന്ന കാര്യം ശിപാര്‍ശ ചെയ്തത്. ഇക്കാര്യം പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു